
ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിൽനിന്ന് കടത്തിയ സ്വർണം കണ്ടെത്തി. കർണാടകയിലെ ബെല്ലാരിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. വ്യാപാരിയായ ഗോവർധനന് ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയ സ്വർണം ഗോവർധന്റെ ജ്വല്ലറിയിൽനിന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി എന്നാണ് പുറത്തുവരുന്ന വിവരം. സ്വർണ കട്ടികളാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
സ്വർണം വിറ്റെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി എസ്പി ശശിധരനോടു സമ്മതിച്ചിരുന്നു. ഇതു വാങ്ങിയെന്നു ഗോവർധനും സമ്മതിച്ചതോടെയാണു തൊണ്ടിമുതൽ കണ്ടെടുക്കാൻ വഴിതെളിഞ്ഞത്. തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം നൽകിയെന്നാണ് ഗോവർധന്റെ മൊഴി. ജ്വല്ലറിയിൽ നിന്നും അത്രയും സ്വർണം കണ്ടെത്താനായോ എന്നു വ്യക്തമല്ല. ഇന്നലെയാണ് പ്രത്യേക അന്വേഷണസംഘം ബെല്ലാരിയിലെത്തിയത്.
ഉണ്ണിക്കൃഷ്ണൻ പോറ്റി വിൽപന നടത്തിയ സ്വർണം ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർധന്റെ കയ്യിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലും ബെല്ലാരിയിലുമായി തെളിവെടുപ്പു നടത്തുകയായിരുന്നു. സ്വർണം വീണ്ടെടുത്തതോടെ ഗോവർധനെ കേസിൽ സാക്ഷിയാക്കാനാണ് എസ്ഐടിയുടെ നീക്കം.
തൊണ്ടിമുതൽ കിട്ടിയതോടെ, ഗൂഢാലോചനയ്ക്കൊപ്പം പൊതുമുതൽ മോഷ്ടിച്ചു വിറ്റെന്ന കേസും ചുമത്തും. സ്വർണം കൊടുത്തുവിട്ടവരും തീരുമാനമെടുത്തവരും പ്രതികളാകും.











